നമ്മുടെ പങ്ക് നിര്‍വഹിക്കുക
എന്റെ കൊച്ചുമക്കളില്‍ രണ്ടു പേര്‍, ഒരു ഇംഗ്ലീഷ് ബാലകഥാ പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സംഗീതകൃതി ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ജൂനിയറില്‍ അഭിനയിക്കാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍, പ്രധാന വേഷങ്ങള്‍ ലഭിക്കാന്‍ ഇരുവരും മനസ്സുവെച്ചു. എന്നാല്‍ അവരിരുവരും പൂക്കളായി തിരഞ്ഞെടുക്കപ്പെട്ടു. അതൊരു വലിയ റോളായിരുന്നില്ല.
എന്നിട്ടും എന്റെ മകള്‍ പറഞ്ഞു, ''പ്രധാന വേഷങ്ങള്‍ ലഭിച്ച അവരുടെ സുഹൃത്തുക്കളെച്ചൊല്ലി പെണ്‍കുട്ടികള്‍ ആവേശത്തിലാണ്. തങ്ങളുടെ സുഹൃത്തുക്കളെച്ചൊല്ലി അവര്‍ കൂടുതല്‍ സന്തോഷിക്കുകയും അവരുടെ ആവേശത്തില്‍ പങ്കുചേരുകയും ചെയ്തപ്പോള്‍ അവരുടെ സന്തോഷം വര്‍ദ്ധിച്ചു.'
ക്രിസ്തുവിന്റെ ശരീരത്തില്‍ നാം പരസ്പരം ഇടപഴകുന്നതിന്റെ ഒരു ചിത്രം എത്ര മഹത്തായതായിരിക്കും! എല്ലാ പ്രാദേശിക സഭകള്‍ക്കും പ്രധാന വേഷങ്ങളെന്നു കണക്കാക്കുന്നവയുണ്ട്. എന്നാല്‍ അവര്‍ക്ക് പൂക്കളും ആവശ്യമാണ് - സുപ്രധാനമെന്നു കരുതപ്പെടാത്തവയും എന്നാല്‍ അനിവാര്യമായതുമായ ജോലി ചെയ്യുന്നവര്‍. മറ്റുള്ളവര്‍ക്ക് നാം ആഗ്രഹിക്കുന്ന റോളുകള്‍ ലഭിക്കുകയാണെങ്കില്‍, ദൈവം നമുക്കു നല്‍കിയിട്ടുള്ള റോളുകള്‍ ആവേശത്തോടെ പൂര്‍ത്തിയാക്കിക്കൊണ്ടുതന്നേ അവരെ പ്രോത്സാഹിപ്പിക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.
വാസ്തവത്തില്‍, മറ്റുള്ളവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. എബ്രായര്‍ 6:10 പറയുന്നു, ''ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളയുവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.'' അവന്റെ കയ്യില്‍ നിന്നുള്ള ഒരു ദാനവും അപ്രധാനമല്ല: ''ഓരോരുത്തന് വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി
അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിക്കുവിന്‍'' (1 പത്രൊസ് 4:10).
ദൈവം നല്‍കിയ ദാനങ്ങളെ അവന്റെ മഹത്വത്തിനായി ഉത്സാഹപൂര്‍വ്വം ഉപയോഗിക്കുന്ന ഒരു സഭയെ സങ്കല്‍പ്പിക്കുക (എബ്രായര്‍ 6:10). അപ്പോള്‍ അത് സന്തോഷത്തിനും ആവേശത്തിനും കാരണമാകുന്നു!
പ്രസംഗിക്കുകയോ ഉഴുകയോ?
കുടുംബ ഐതിഹ്യമനുസരിച്ച്, ബില്ലി, മെല്‍വിന്‍ എന്നീ രണ്ട് സഹോദരന്മാര്‍ ഒരു ദിവസം കുടുംബത്തിന്റെ ഡയറി ഫാമില്‍ നില്‍ക്കുമ്പോള്‍ ഒരു വിമാനം ആകാശത്തില്‍ എഴുതുന്നത് കണ്ടു. വിമാനം ''GP'' എന്നീ അക്ഷരങ്ങള്‍ എഴുതുന്നത് ആണ്‍കുട്ടികള്‍ നിരീക്ഷിച്ചു.
തങ്ങള്‍ കണ്ടത് തങ്ങളെ സംബന്ധിച്ച് അര്‍ത്ഥവത്താണെന്ന് രണ്ട് സഹോദരന്മാരും തീരുമാനിച്ചു. ''Go Preach - പോയി പ്രസംഗിക്കുക'' എന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് ഒരാള്‍ കരുതി. മറ്റൊരാള്‍ ഇത് ''Go plow - പോയി ഉഴുക'' എന്ന് വായിച്ചു. പില്‍ക്കാലത്ത് ആണ്‍കുട്ടികളിലൊരാളായ ബില്ലി ഗ്രഹാം സുവിശേഷം പ്രസംഗിക്കാന്‍ സ്വയം സമര്‍പ്പിക്കുകയും സുവിശേഷീകരണത്തിന്റെ പ്രതിരൂപമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരന്‍ മെല്‍വിന്‍ വര്‍ഷങ്ങളോളം വിശ്വസ്തതയോടെ കുടുംബ ഡയറി ഫാം നടത്തി.
സ്‌കൈ റൈറ്റിംഗ് അടയാളങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ദൈവം ബില്ലിയെ പ്രസംഗിക്കാന്‍ വിളിക്കുകയും മെല്‍വിനെ ഉഴാന്‍ വിളിക്കുകയും ചെയ്തതിനാല്‍, അവര്‍ രണ്ടുപേരും തങ്ങളുടെ തൊഴിലുകളിലൂടെ ദൈവത്തെ ബഹുമാനിച്ചു. ബില്ലിക്ക് ഒരു നീണ്ട പ്രസംഗജീവിതം ഉള്ളപ്പോള്‍ തന്നേ, അദ്ദേഹത്തിന്റെ വിജയത്തിന്റെ അര്‍ത്ഥം, ഉഴാനുള്ള ആഹ്വാനത്തോടുള്ള സഹോദരന്റെ അനുസരണത്തിന് പ്രാധാന്യം കുറവാണ് എന്നല്ല.
മുഴുസമയ ശുശ്രൂഷ എന്ന് നാം വിളിക്കുന്ന കാര്യങ്ങളില്‍ ദൈവം ചിലരെ നിയോഗിക്കുന്നുണ്ടെങ്കിലും (എഫെസ്യര്‍ 4:11-12), അതിനര്‍ത്ഥം മറ്റ് ജോലികളിലും ഉത്തരവാദിത്വങ്ങളിലുമുള്ളവര്‍ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുന്നില്ല എന്നല്ല. രണ്ടായാലും, പൗലൊസ് പറഞ്ഞതുപോലെ, ''ഓരോ ഭാഗവും അതിന്റെ വേല ചെയ്യണം'' (വാ. 16). അതിനര്‍ത്ഥം യേശു നമുക്കു നല്‍കിയ വരങ്ങളെ വിശ്വസ്തതയോടെ ഉപയോഗിച്ചുകൊണ്ട് അവനെ ബഹുമാനിക്കുക എന്നാണ്. അങ്ങനെയാകുമ്പോള്‍, നാം ''പ്രസംഗിക്കുകയോ'' അല്ലെങ്കില്‍ ''ഉഴുകയോ'' ചെയ്താലും നാം ശുശ്രൂഷിക്കുന്നിടത്ത് അല്ലെങ്കില്‍ ജോലി ചെയ്യുന്നിടത്ത് യേശുവിനായി ഒരു മാറ്റമുണ്ടാക്കാന്‍ നമുക്കു കഴിയും.
ഇപ്പോള്‍, തുടര്‍ന്ന് അടുത്തത്
ഞാന്‍ അടുത്തിടെ ഒരു കോളേജ് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു. ഈ സമയത്ത് ബിരുദം സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ക്ക് ആവശ്യമായ ഒരു ആഹ്വാനം പ്രസംഗകന്‍ നല്‍കി. ''അടുത്തത് എന്താണ്?'' എന്ന് എല്ലാവരും അവരോടു തന്നേ ചോദിക്കുന്ന സമയമാണിതെന്ന് അദ്ദേഹം പരാമര്‍ശിച്ചു. അടുത്തതായി അവര്‍ എന്ത് ജോലിയാണ് ചെയ്യാന്‍ പോകുന്നത്? അവര്‍ എവിടെയാണ് സ്‌കൂളില്‍ പോകുന്നത് അല്ലെങ്കില്‍ അടുത്തതായി ജോലി ചെയ്യുന്നത്? തുടര്‍ന്ന്, ഏറ്റവും പ്രധാനപ്പെട്ട ചോദ്യം അവര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്? എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അവരുടെ വിശ്വാസയാത്രയുടെ പശ്ചാത്തലത്തില്‍, അവര്‍ക്കുവേണ്ടിയല്ല, യേശുവിനുവേണ്ടി ജീവിക്കാന്‍ അവരെ നയിക്കുന്ന എന്തു തീരുമാനങ്ങളാണ് അവര്‍ ദിവസേന എടുക്കുന്നത്?
അദ്ദേഹത്തിന്റെ വാക്കുകള്‍ സദൃശവാക്യങ്ങളുടെ പുസ്തകത്തെക്കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തി - ഇപ്പോള്‍ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് ധാരാളം വ്യക്തമായ പ്രസ്താവനകള്‍ അതു നടത്തുന്നു. ഉദാഹരണത്തിന്: ഇപ്പോള്‍ സത്യസന്ധത പരിശീലിക്കുക (11:1); ഇപ്പോള്‍ ശരിയായ സ്‌നേഹിതരെ തിരഞ്ഞെടുക്കുക (12:26); ഇപ്പോള്‍ ആര്‍ജ്ജവത്തോടെ ജീവിക്കുക (13:6); ഇപ്പോള്‍ നല്ല വിവേചനം നടത്തുക (13:15); ഇപ്പോള്‍ വിവേകത്തോടെ സംസാരിക്കുക (14:3).
പരിശുദ്ധാത്മാവിന്റെ നടത്തിപ്പില്‍ ഇപ്പോള്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നത്, അടുത്തതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമാക്കിത്തീര്‍ക്കുന്നു. 'യഹോവയല്ലോ ജ്ഞാനം നല്കുന്നത്; ... അവന്‍ നേരുള്ളവര്‍ക്ക് രക്ഷ സംഗ്രഹിച്ചുവയ്ക്കുന്നു: ... അവന്‍ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു' (2:6-8). അവിടുത്തെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ നമുക്ക് ആവശ്യമുള്ളത് ദൈവം നല്‍കട്ടെ, അവിടുത്തെ മഹത്വത്തിനായി അടുത്തതിലേക്ക് അവന്‍ നമ്മെ നയിക്കട്ടെ.
സ്വയ-ഗുണദോഷ വിവേചനം
രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ എന്റെ അമ്മയ്ക്ക് അയച്ച ഒരു കൂട്ടം കത്തുകള്‍ ഞാന്‍ അടുത്തയിടെ വായിച്ചു. അദ്ദേഹം വടക്കേ ആഫ്രിക്കയിലും അമ്മ അമേരിക്കയിലുമായിരുന്നു. യുഎസ് സൈന്യത്തിലെ സെക്കന്‍ഡ് ലെഫ്‌റ്റെനന്റായ ഡാഡിക്ക് സൈനികരുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യാനുള്ള - നിര്‍ണ്ണായകമായ വിവരങ്ങള്‍ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ സൂക്ഷിക്കുന്ന - ചുമതലയായിരുന്നു. അതിനാല്‍, ഭാര്യയ്ക്ക് അയച്ച കത്തുകളുടെ പുറത്ത്, ''സെക്കന്‍ഡ് ലെഫ്‌റ്റെനന്റ് ജോണ്‍ ബ്രാനോണ്‍ (എന്റെ പിതാവിന്റെ പേര്) സെന്‍സര്‍ ചെയ്തത്'' എന്ന് സ്റ്റാമ്പ് ചെയ്തിരുന്നത് വളരെ തമാശയായി തോന്നി. തീര്‍ച്ചയായും, അദ്ദേഹം സ്വന്തം കത്തുകളില്‍ നിന്ന് ചില വരികള്‍ മായിച്ചിരിക്കുന്നു!
സ്വയം സെന്‍സര്‍ ചെയ്യുന്നത് (ഗുണദോഷ വിവേചനം നടത്തുന്നത്) നമുക്കെല്ലാവര്‍ക്കും നല്ലതാണ്. ശരിയല്ലാത്തവ - ദൈവത്തെ ബഹുമാനിക്കാത്തവയും - കണ്ടെത്തുന്നതിന് നമ്മളെത്തന്നെ നന്നായി നോക്കേണ്ടതിന്റെ പ്രാധാന്യം തിരുവെഴുത്തില്‍ നിരവധി തവണ എഴുത്തുകാര്‍ പരാമര്‍ശിക്കുന്നു. ഉദാഹരണത്തിന്, സങ്കീര്‍ത്തനക്കാരന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ''ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ. . . വ്യസനത്തിനുള്ള മാര്‍ഗ്ഗം എന്നില്‍ ഉേണ്ടാ എന്നു നോക്കണമേ' (സങ്കീര്‍ത്തനം 139:23-24). യിരെമ്യാവ് ഇപ്രകാരം പറയുന്നു: ''നാം നമ്മുടെ നടപ്പ് ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക' (വിലാപങ്ങള്‍ 3:40). കര്‍ത്തൃമേശയുടെ സമയത്ത് നമ്മുടെ ഹൃദയസ്ഥിതിയെക്കുറിച്ച് പരിശോധിക്കുന്നതിനെക്കുറിച്ച് പൗലൊസ് പറഞ്ഞു, ''തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം'' (1 കൊരിന്ത്യര്‍ 11:28) അതില്‍ പങ്കാളിയാകാന്‍.
ദൈവത്തെ പ്രസാദിപ്പിക്കാത്ത ഏതെങ്കിലും മനോഭാവങ്ങളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ തിരിയാന്‍ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാനാകും. അതിനാല്‍ ഇന്ന് ലോകത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ്, നമുക്ക് സ്വയം പരിശോധിച്ച് ആത്മാവിന്റെ സഹായം തേടാം, അങ്ങനെ നമുക്ക് 'യഹോവയുടെ അടുക്കലേക്കു തിരിയുകയും' അവനുമായി കൂട്ടായ്മ ആചരിക്കുകയും ചെയ്യാം.
മഹത്വം പൊയ്‌പ്പോയി
ഞങ്ങളുടെ മകള്‍ മെലിസ എന്ന മഹത്വം എനിക്ക് ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയില്ല. ഹൈസ്‌കൂള്‍ വോളിബോള്‍ അവള്‍ സന്തോഷത്തോടെ കളിക്കുന്നത് ഞങ്ങള്‍ കണ്ട ആ അത്ഭുതകരമായ സമയങ്ങളാണ് എന്റെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകുന്നത്. ഞങ്ങള്‍ കുടുംബ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവളുടെ മുഖത്തുകൂടെ കടന്നുപോയ സംതൃപ്തിയുടെ ലജ്ജാകരമായ പുഞ്ചിരി ഓര്‍മ്മിക്കാന്‍് ചിലപ്പോള്‍ ബുദ്ധിമുട്ടാണ്. പതിനേഴാം വയസ്സിലെ അവളുടെ മരണം അവളുടെ സാന്നിധ്യത്തിന്റെ സന്തോഷത്തിനു മുമ്പില്‍ ഒരു തിരശ്ശീല വീഴ്ത്തി.
വിലാപങ്ങളുടെ പുസ്തകത്തില്‍, ഹൃദയത്തിനു മുറിവേല്ക്കുമെന്ന് അവനു മനസ്സിലായതായി യിരെമ്യാവിന്റെ വാക്കുകള്‍ കാണിക്കുന്നു. അവന്‍ പറഞ്ഞു, ''എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്‌പ്പോയല്ലോ' (3:18). അവന്റെ അവസ്ഥ നിങ്ങളുടേതില്‍ നിന്നും എന്റേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. അവന്‍ ദൈവത്തിന്റെ ന്യായവിധി പ്രസംഗിച്ചു, യെരൂശലേം പരാജയപ്പെട്ടത് അവന്‍ കണ്ടു. താന്‍ തോറ്റതായും(വാ. 12), ഒറ്റപ്പെട്ടതായും (വാ. 14), ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടതായും (വാ. 15-20) അവന് അനുഭവപ്പെട്ടതുകൊണ്ട് മഹത്വം പൊയ്‌പ്പോയി.
പക്ഷെ അത് അവന്റെ കഥയുടെ അവസാനമല്ല. പ്രകാശം പരന്നു. ഭാരമുള്ളവനും തകര്‍ന്നവനുമായ യിരെമ്യാവ് ''ഞാന്‍ പ്രത്യാശിക്കും'' (വാ. 21) എന്നു പറയുന്നു - 'അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ല' (വാ. 22) എന്ന് മനസ്സിലാക്കുന്നതില്‍ നിന്നുളവാകുന്ന പ്രത്യാശ. മഹത്വം പൊയ്‌പ്പോകുമ്പോള്‍ നാം ഓര്‍ക്കേണ്ട കാര്യം ഇതാണ്: ദൈവത്തിന്റെ ''കരുണ തീര്‍ന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതാകുന്നു' (വാക്യം 22-23).
നമ്മുടെ അന്ധകാര പൂര്‍ണ്ണമായ നാളുകളില്‍ പോലും, ദൈവത്തിന്റെ വലിയ വിശ്വസ്തത പ്രകാശിക്കുന്നു.
എങ്ങനെ പുനര്‍നിര്‍മിക്കാം
മുന്നിലുള്ള ജോലികള്‍ പരിശോധിക്കാന്‍ നേതാവ് കുതിരപ്പുറത്ത് പുറപ്പെട്ടത് രാത്രി സമയമായിരുന്നു. ചുറ്റുമുള്ള നാശത്തെ ചുറ്റിനടന്നപ്പോള്‍, തകര്‍ന്ന നഗര മതിലുകളും കത്തിക്കരിഞ്ഞ കവാടങ്ങളും അദ്ദേഹം കണ്ടു. ചില പ്രദേശങ്ങളില്‍, വിശാലമായ കൂടിക്കിടന്ന അവശിഷ്ടങ്ങള്‍ അവന്റെ കുതിരയെ കടത്തിവിടുന്നത് ബുദ്ധിമുട്ടാക്കി. ദുഃഖിതനായ സവാരിക്കാരന്‍ വീട്ടിലേക്ക് തിരിഞ്ഞു.
നഗരത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ''നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ' (നെഹെമ്യാവ് 2:17). നഗരം തകര്‍ന്നടിഞ്ഞതായും സംരക്ഷിക്കുന്ന നഗര മതില്‍ ഉപയോഗശൂന്യമാണെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ന്ന് നഗരവാസികളെ ധൈര്യപ്പെടുത്തിയ ഒരു പ്രസ്താവന ആദ്ദേഹം നടത്തി, ''എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച
വാക്കുകളും ഞാന്‍ അറിയിച്ചു'' അപ്പോള്‍ 'അവര്‍: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു' (വാ. 18).
അവര്‍ അങ്ങനെ ചെയ്തു.
ദൈവത്തിലുള്ള വിശ്വാസത്തോടും സമഗ്രമായ പരിശ്രമത്തോടുംകൂടെ, എതിര്‍പ്പും അസാധ്യമെന്ന തോന്നലും ഉണ്ടായിരുന്നിട്ടും നെഹെമ്യാവിന്റെ നേതൃത്വത്തില്‍ യെരൂശലേം നിവാസികള്‍ വെറും അമ്പത്തിരണ്ട് ദിവസത്തിനുള്ളില്‍ മതില്‍ പുനര്‍നിര്‍മിച്ചു (6:15).
നിങ്ങളുടെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ബുദ്ധിമുട്ടുള്ളതായി നങ്ങള്‍ തോന്നുന്നതും എന്നാല്‍ നിങ്ങള്‍ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നതുമായ ഒരു കാര്യം നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു പാപം? ദൈവത്തെ മഹത്വപ്പെടുത്താത്ത ഒരു ബന്ധം? വളരെ കഠിനമായി കാണപ്പെടുന്ന അവനുവേണ്ടിയുള്ള ഒരു ചുമതല?
മാര്‍ഗനിര്‍ദേശത്തിനായി ദൈവത്തോട് ചോദിക്കുക (2:4-5), പ്രശ്‌നം വിശകലനം ചെയ്യുക (വാ. 11-15), അവന്റെ ഇടപെടല്‍ തിരിച്ചറിയുക (വാ. 18). തുടര്‍ന്ന് നിര്‍മ്മാണം ആരംഭിക്കുക.
സംസാരിക്കാന്‍ കഴിയാത്ത മനുഷ്യന്‍
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു സദനത്തില്‍ തന്റെ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഒരു മനുഷ്യന്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഒരു സംഘം കൗമാരക്കാര്‍ യേശുവിനെക്കുറിച്ച് പാടുന്നത് സന്തോഷത്തോടെ ശ്രദ്ധിച്ചു. പിന്നീട്, ചില കൗമാരക്കാര്‍ അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചപ്പോള്‍, അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയില്ലെന്ന് അവര്‍ കണ്ടെത്തി. ഹൃദയാഘാതം സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കവര്‍ന്നുകളഞ്ഞു.
ആ വ്യക്തിയുമായി സംഭാഷണം തുടരാന്‍ അവര്‍ക്ക് കഴിയാത്തതിനാല്‍, കൗമാരക്കാര്‍ അദ്ദേഹത്തിനുവേണ്ടി പാടാന്‍ തീരുമാനിച്ചു. അവര്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതകരമായ എന്തോ ഒന്ന് സംഭവിച്ചു. സംസാരിക്കാന്‍ കഴിയാത്ത ആ മനുഷ്യന്‍ പാടാന്‍ തുടങ്ങി. ഉത്സാഹത്തോടെ, തന്റെ പുതിയ ചങ്ങാതിമാര്‍ക്കൊപ്പം ''നീ എത്ര ഉന്നതന്‍'' എന്ന് അദ്ദേഹം പാടി.
എല്ലാവര്‍ക്കും വളരെ ശ്രദ്ധേയമായ ഒരു നിമിഷമായിരുന്നു അത്. ദൈവത്തോടുള്ള ഈ മനുഷ്യന്റെ സ്‌നേഹം പ്രതിബന്ധങ്ങളെ മറികടന്ന് ശ്രവ്യമായ ആരാധനയായി മാറി - ഹൃദയംഗമമായ, സന്തോഷകരമായ ആരാധന.
നമുക്കെല്ലാവര്‍ക്കും കാലാകാലങ്ങളില്‍ ആരാധനാ തടസ്സങ്ങളുണ്ട്. ഒരുപക്ഷേ ഇത് ബന്ധത്തിലുണ്ടായ ഒരു വിള്ളലോ, സാമ്പത്തിക പ്രശ്നമോ ആയിരിക്കാം. അല്ലെങ്കില്‍ ദൈവവുമായുള്ള ബന്ധത്തില്‍ അല്‍പ്പം തണുപ്പ് വ്യാപിക്കുന്ന ഒരു ഹൃദയമായിരിക്കാം ഇത്.
നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്വത്തിനും പ്രതാപത്തിനും ഏത് പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് നമ്മുടെ ഊമനായ സുഹൃത്ത് ഓര്‍മ്മിപ്പിക്കുന്നു. 'എന്‍ കര്‍ത്താവേ, നിന്‍ കരങ്ങള്‍ നിര്‍മ്മിച്ച ലോകമെല്ലാം എന്‍ കണ്‍കള്‍ കാണ്‍കയില്‍!''
നിങ്ങളുടെ ആരാധനയില്‍ പോരാട്ടം അനുഭവിക്കുന്നുണ്ടോ? 96-ാം സങ്കീര്‍ത്തനം പോലുള്ള ഒരു ഭാഗം വായിച്ചുകൊണ്ട് നമ്മുടെ ദൈവം എത്ര വലിയവനാണെന്ന് ചിന്തിക്കുക, നിങ്ങള്‍ക്കും നിങ്ങള്‍ നേരിടുന്ന തടസ്സങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പകരം സ്തുതി കണ്ടെത്താന്‍ കഴിയും.
ദൈവത്തെ അന്വേഷിക്കുക
സ്വപ്‌നങ്ങളെ പിന്തുടരുന്നതിലുള്ള ആളുകളുടെ അഭിനിവേശവും അര്‍പ്പണബോധവും കാണുന്നത് പ്രചോദനകരമാണ്. എനിക്കറിയാവുന്ന ഒരു യുവതി അടുത്തിടെ ഒരു വര്‍ഷത്തിനുള്ളില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി സമ്പൂര്‍ണ്ണ സമര്‍പ്പണം അതിനാവശ്യമായിരുന്നു. ഒരു സുഹൃത്തിന് ഒരു പ്രത്യേക കാര്‍ വേണം, അതിനാല്‍ അവന്‍ ലക്ഷ്യത്തിലെത്തുന്നതുവരെ ഉത്സാഹത്തോടെ കേക്ക് ഉണ്ടാക്കി വിറ്റു പണം സമ്പാദിച്ചു. വില്‍പ്പന രംഗത്തുള്ള മറ്റൊരു വ്യക്തി ഓരോ ആഴ്ചയിലും നൂറ് പുതിയ ആളുകളെ കാണാന്‍ ശ്രമിക്കുന്നു.
ഭൗമിക മൂല്യമുള്ള എന്തെങ്കിലും ചെയ്യാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നത് നല്ലതാണെങ്കിലും, അതിലും പ്രധാനപ്പെട്ട ഒരു തരം അന്വേഷണം നാം പരിഗണിക്കേണ്ടതുണ്ട്.
നിരാശയോടെ, മരുഭൂമിയില്‍ കഷ്ടപ്പെട്ടുകൊണ്ട് ദാവീദ് രാജാവ് എഴുതി, ''ദൈവമേ, നീ എന്റെ ദൈവം ആത്മാര്‍ത്ഥമായി (അതികാലത്തേ) ഞാന്‍ നിന്നെ അന്വേഷിക്കുന്നു'' (സങ്കീര്‍ത്തനം 63:1). ദാവീദ് അവനോടു നിലവിളിക്കുമ്പോള്‍ ദൈവം തളര്‍ന്നിരിക്കുന്ന രാജാവിനോട് അടുത്തുവന്നു. ദൈവത്തോടുള്ള ദാവീദിന്റെ ആഴത്തിലുള്ള ആത്മീയ ദാഹം അവിടുത്തെ സന്നിധിയില്‍ മാത്രമേ തൃപ്തിപ്പെടുകയുള്ളൂ.
രാജാവ് ''വിശുദ്ധമന്ദിരത്തില്‍'' (വാ. 2) ദൈവത്തെ കണ്ടുമുട്ടിയതും അവന്റെ സകലത്തെയും കീഴടക്കുന്ന സ്‌നേഹം അനുഭവിച്ചതും (വാ. 3) അനുദിനം സ്തുതിക്കുന്നതും ഓര്‍ത്തു - അവനില്‍ യഥാര്‍ത്ഥ സംതൃപ്തി കണ്ടെത്തുന്നത് പോഷകസമൃദ്ധവും സംതൃപ്തിദായകവുമായ ഒരു ഭക്ഷണം ആസ്വദിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല (വാ. 4-5). രാത്രിയിലും അവന്‍ ദൈവത്തിന്റെ സഹായവും സംരക്ഷണവും തിരിച്ചറിഞ്ഞ് ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിച്ചു (വാ. 6-7).
ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കാന്‍ ഇന്ന് പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തുന്നു. നാം അവനോട് പറ്റിനില്‍ക്കുമ്പോള്‍, ശക്തിയിലും സ്‌നേഹത്തിലും ദൈവം തന്റെ ശക്തമായ വലതു കൈകൊണ്ട് നമ്മെ ഉയര്‍ത്തിപ്പിടിക്കുന്നു. ആത്മാവിന്റെ നടത്തിപ്പിലൂടെ, എല്ലാ നല്ല വസ്തുക്കളുടെയും സ്രഷ്ടാവിനോട് നമുക്ക് അടുക്കാം.
ഒരു ലക്ഷ്യവും ഒരു ഉദ്ദേശ്യവും
2018 ല്‍, ഒരു അമേരിക്കന്‍ അത്ലറ്റായ കോളിന്‍ ഓ'ബ്രാഡി മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത ഒരു നടപ്പ് നടന്നു. ഒരു തന്റെ സാധനങ്ങള്‍ നിറച്ച ഒരു സ്ലെഡ് വലിച്ചുകൊണ്ട് ഓ'ബ്രാഡി അന്റാര്‍ട്ടിക്കയില്‍ ഒറ്റയ്ക്ക് യാത്രചെയ്തു - 54 ദിവസംകൊണ്ട് 932 മൈലുകള്‍. അര്‍പ്പണബോധത്തിന്റെയും ധൈര്യത്തിന്റെയും ഒരു സുപ്രധാന യാത്രയായിരുന്നു അത്.
മഞ്ഞ്, തണുപ്പ്, ഭയാനകമായ ദൂരം എന്നിവയെ ഏകനായി നേരിട്ടതിനെക്കുറിച്ച് ഓ'ബ്രാഡി പറഞ്ഞു, ''ആഴത്തിലുള്ള ഒഴുക്കിന്റെ അവസ്ഥയില്‍ ഞാന്‍ തളച്ചിടപ്പെട്ടു (പരിശ്രമത്തില്‍ പൂര്‍ണ്ണമായും മുഴുകി). മുഴുവന്‍ സമയവും ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടൊപ്പം ഈ യാത്രയില്‍ ലഭിച്ച ആഴത്തിലുള്ള പാഠങ്ങള്‍ അയവിറക്കാന്‍ എന്റെ മനസ്സിനെ അനുവദിച്ചു.'
യേശുവില്‍ വിശ്വാസം അര്‍പ്പിച്ചവരായ നമ്മെ സംബന്ധിച്ച്, ആ പ്രസ്താവന പരിചിതമായി തോന്നാം. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ വിളിയെയാണ് ഇത് ഓര്‍പ്പിക്കുന്നത്: അതായത് ദൈവത്തെ മഹത്വപ്പെടുത്തുകയും അവനെ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ ജീവിക്കുക എന്ന ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രവൃത്തികള്‍ 20:24-ല്‍, അപകടകരമായ യാത്രകള്‍ അപരിചിതമല്ലാത്ത പൗലൊസ് പറഞ്ഞു, ''എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കര്‍ത്താവായ യേശു തന്ന ശുശ്രൂഷയും തികയ്‌ക്കേണം എന്നേ എനിക്കുള്ളു.'
യേശുവുമായുള്ള ബന്ധത്തില്‍ നാം മുന്നോട്ടുപോകുമ്പോള്‍, നമ്മുടെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ രക്ഷകനെ മുഖാമുഖം കാണുന്ന ദിവസം വരെ മുന്നോട്ടു പോകാം.
സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്
ബാര്‍ട്ട് മില്ലാര്‍ഡ് 2001 ല്‍ ''എനിക്ക് സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ'' എന്ന് എഴുതിയപ്പോള്‍ അതൊരു മെഗാഹിറ്റ് ആയി. ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ആയിരിക്കുന്നത് എത്രമാത്രം അത്ഭുതകരമായിരിക്കുമെന്ന് ഈ ഗാനം ചിത്രീകരിക്കുന്നു. അടുത്ത വര്‍ഷം ഞങ്ങളുടെ പതിനേഴുവയസ്സുള്ള മകള്‍ മെലിസ ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞപ്പോള്‍ മില്ലാര്‍ഡിന്റെ വരികള്‍ ഞങ്ങളുടെ കുടുംബത്തിന് ആശ്വാസം പകര്‍ന്നു, അവള്‍ ദൈവസാന്നിധ്യത്തില്‍ ഇരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ സങ്കല്‍പ്പിച്ചു.
എന്നാല്‍ മെല്ലിന്റെ മരണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ എന്നോട് മറ്റൊരു രീതിയില്‍ ആ വരികള്‍ എന്നോടു സംസാരിച്ചു. മെലിസയുടെ സുഹൃത്തുക്കളുടെ പിതാക്കന്മാര്‍ ഉത്കണ്ഠയോടും വേദനയോടും കൂടെ എന്നെ സമീപിക്കുമ്പോള്‍ അവര്‍ പറഞ്ഞു, ''താങ്കള്‍ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.'
അവരുടെ വികാരപ്രകടനങ്ങള്‍ സഹായകരമായിരുന്നു, അവര്‍ നമ്മുടെ നഷ്ടത്തെ സഹാനുഭൂതിയോടെ മനസിലാക്കുന്നുവെന്ന് അതു കാണിക്കുന്നു - അത് സങ്കല്‍പ്പിക്കാനാവാത്തതാണെന്നവര്‍ മനസ്സിലാക്കുന്നു
.
''കൂരിരുള്‍ താഴ്വരയിലൂടെ'' നടക്കുന്നതിനെക്കുറിച്ച് ദാവീദ് വിശദീകരിച്ചപ്പോള്‍ (സങ്കീര്‍ത്തനം 23:4) വലിയ നഷ്ടത്തിന്റെ ആഴമാണ് ദാവീദ് ചൂണ്ടിക്കാണിക്കുന്നത്. പ്രിയപ്പെട്ട ഒരാളുടെ മരണം ആകാം അത്, മാത്രമല്ല നാം എങ്ങനെയാണ് ഇരുട്ടിനെ തരണം ചെയ്യാന്‍ പോകുന്നുതെന്ന് നമുക്ക്് അറിയുകയുമില്ല. മറുവശത്ത് പുറത്തുവരാന്‍ കഴിയുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാനാവില്ല.
എന്നാല്‍ ഇപ്പോള്‍ കൂരിരുള്‍ താഴ്വരയില്‍ നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നതിനാല്‍, താഴ്‌വരയ്ക്കപ്പുറം നാം അവിടുത്തെ സന്നിധിയില്‍ ആയിരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ഭാവിയിലേക്കുള്ള വലിയ പ്രത്യാശയും അവിടുന്ന് നല്‍കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ''ശരീരം വിടുക'' എന്നാല്‍ അവനോടൊപ്പം ആയിരിക്കുക (2 കൊരിന്ത്യര്‍ 5: 8) എന്നാണ്. അവനുമായും മറ്റുള്ളവരുമായും നമ്മുടെ ഭാവി പുനഃസമാഗമം സങ്കല്‍പ്പിക്കുമ്പോള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വഴിയിലൂടെ മുന്നേറാന്‍ അത് സഹായിക്കും.